തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധി ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. ഹാരിസ് ചിറക്കലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.  സമഗ്ര അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനം. ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലോടെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഉപകരണക്ഷാമം സജീവ ചർച്ചയാവുകയാണ്.  

ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ തുറന്നു പറച്ചിൽ നടത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിന്റ പ്രസ്താവന വിവാദമായിരുന്നു.  ഇതിൽ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം. സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്കായിരിക്കും അന്വേഷണം തുടങ്ങുക.

ശസ്ത്രക്രിയ മുടങ്ങിയതോ ഉപകരണം ഇല്ലാത്തതോ ആയ കാര്യങ്ങൾ ആരും അറിയിച്ചിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.  അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. അതേസമയം ഡോക്ടർ ഹാരിസ് ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. യൂറോളജി വിഭാഗത്തിൽ മാത്രമല്ല മറ്റു പല വിഭാഗങ്ങളിലും ഉപകരണങ്ങളുടെ കുറവുണ്ടെന്നായിരുന്നു ഡോക്ടറുടെ ശനിയാഴ്ചത്തെ പ്രതികരണം.