ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നൽകിവരുന്ന ഹോർമോൺ മാറ്റിസ്ഥാപിക്കൽ തെറാപ്പി പാതിവഴിയിൽ വെച്ച് തടസ്സപ്പെടുത്തരുതെന്ന് കേരള ഹൈകോടതിയുടെ നിർണായക ഉത്തരവ്. 2026-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമ ഭേദഗതിയുടെ മറപിടിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികൾ വ്യക്തികൾക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിലാണ് ഹൈകോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

ഹൈകോടതി സിംഗിൾ ബെഞ്ചിലെ ബെച്ചു കുര്യൻ തോമസ് ആണ് ഈ വിഷയത്തിൽ വാദം കേട്ട് നിർദ്ദേശം നൽകിയത്. പകുതിക്ക് വെച്ച് ഹോർമോൺ ചികിത്സ നിർത്തുന്നത് വ്യക്തികളിൽ ഗുരുതരമായ ശാരീരിക-മാനസിക ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, പുതിയ നിയമത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കാനാകില്ലെന്നും, നിലവിൽ ചികിത്സ ആരംഭിച്ച എല്ലാ വ്യക്തികൾക്കും അത് പൂർത്തിയാക്കുന്നത് വരെ യാതൊരു തടസ്സവുമില്ലാതെ തുടരാൻ അനുമതി നൽകുന്നതായും കോടതി വ്യക്തമാക്കി.

ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള വ്യക്തികളുടെ അവകാശം ഒഴിവാക്കുകയും പകരം നിർബന്ധിത മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതാണ് 2026-ലെ ട്രാൻസ്ജെൻഡർ അവകാശ നിയമ ഭേദഗതി. എന്നാൽ ഇത് സുപ്രീം കോടതി 2014-ൽ പുറപ്പെടുവിച്ച ചരിത്രപരമായ ‘നൽസ’ വിധിക്ക് പൂർണ്ണമായും വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ഹൈകോടതി ഫയലിൽ സ്വീകരിച്ചു. 2019-ലെ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമത്തിൽ വരുത്തിയ ഈ പുതിയ മാറ്റങ്ങൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജികളിലാണ് കോടതി വാദം കേട്ടത്. ഹർജിക്കാർക്ക് വേണ്ടി പ്രമുഖ അഭിഭാഷകയായ അഡ്വ. അരുന്ധതി കട്‌ജു ഹാജരായി.

അതേസമയം, നിയമ ഭേദഗതി കൊണ്ടുവന്നതിലെ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഹൈകോടതി ചില നിരീക്ഷണങ്ങൾ നടത്തി. മൃഗങ്ങളായോ മറ്റോ സ്വയം സങ്കൽപ്പിച്ച് വസ്ത്രധാരണം നടത്തുന്ന പാശ്ചാത്യ രാജ്യങ്ങളിലെ രീതികൾ നിലവിലുണ്ട്. ഇത്തരം പ്രവണതകൾ ഇന്ത്യയിലെ യുവാക്കളിലേക്ക് പടരുന്നത് തടയാനാകാം കേന്ദ്ര സർക്കാർ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര തലത്തിൽ വ്യക്തികൾ സ്വയം ലിംഗനിർണ്ണയം നടത്തുന്നത് വലിയ സങ്കീർണ്ണതകൾ ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ കോടതിയിൽ വാദിച്ചു. കൃത്യമായ മെഡിക്കൽ മാർഗ്ഗരേഖകൾ ഇല്ലാത്തത് നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഹൈകോടതി തയ്യാറായില്ല. എന്നാൽ ചികിത്സാ കാര്യത്തിൽ പ്രതിസന്ധി നേരിടുന്ന ഹർജിക്കാർക്ക് അടിയന്തര ഇടക്കാല ആശ്വാസം കോടതി നൽകിയിട്ടുണ്ട്. ഹർജിയിലെ ഭരണഘടനാപരമായ മറ്റ് വിഷയങ്ങളിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റി.