ബം​ഗ്ലാദേശ്-യുഎസ്എ വാണിജ്യ കരാറിന് അന്തിമ രൂപം നൽകിയതായി ബം​ഗ്ലദേശ് സർക്കാർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അമേരിക്കൻ വിപണിയിലേക്കുള്ള ബംഗ്ലാദേശ് കയറ്റുമതിയുടെ തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചെന്നും അറിയിച്ചു. കരാർ പ്രകാരം, തിരഞ്ഞെടുത്ത അമേരിക്കൻ ഇറക്കുമതികൾക്ക് ബംഗ്ലാദേശ് സമാനമായ തീരുവ ഇളവുകൾ നൽകും. ബംഗ്ലാദേശിന് വേണ്ടി വാണിജ്യ ഉപദേഷ്ടാവ് ഷെയ്ഖ് ബഷീർ ഉദ്ദീനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാനും കരാറിൽ ഒപ്പുവച്ചു. യുഎസിനെ പ്രതിനിധീകരിച്ച് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കരാറിനെ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിലെ പുരോഗതിയാണെന്ന് വിശേഷിപ്പിച്ചു.

കരാറിന്റെ ഭാഗമായി, ഏകദേശം 2,500 ബംഗ്ലാദേശി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ രഹിതമോ കുറഞ്ഞ തീരുവയോ ചുമത്തും. ഇറക്കുമതി ചെയ്ത അമേരിക്കൻ പരുത്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ യുഎസ് വിപണിയിലേക്ക് കയറ്റിയയക്കുമ്പോൾ നികുതി ഈടാക്കില്ല. ഫാർമസ്യൂട്ടിക്കൽസ്, ഫിഷറീസ്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവക്കും നാമമാത്ര തീരുവയാണ് ചുമത്തിയത്.

ബംഗ്ലാദേശ് ഏകദേശം 4,400 അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ രഹിതമോ കുറഞ്ഞ തീരുവയോ അനുവദിക്കാൻ സമ്മതിച്ചു. വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഇരുവശങ്ങളിലേക്കുമുള്ള വാണിജ്യത്തിനുള്ള അവസരങ്ങൾ വികസിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.