ന്യൂയോർക്കിൽ ബസ് മറിഞ്ഞ് അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ടൂർ ബസ്, പഫല്ലോയ്ക്ക് 25 മൈൽ കിഴക്കായിട്ടുള്ള പെംബ്രോക്കിനടുത്തുള്ള ഇന്റർസ്റ്റേറ്റ് 90-ൽ വെച്ച് മറിയുകയായിരുന്നു.

ബസ് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിച്ചതാണ് അപകടകാരണമെന്ന് സ്റ്റേറ്റ് പോലീസ് മേജർ ആന്ദ്രേ റേ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വലത് വശത്തേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 1 വയസ്സ് മുതൽ 74 വയസ്സ് വരെയുള്ളവർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. അവരിൽ ചിലർ ബസിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.