തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദശകങ്ങൾ നീണ്ട ദ്രാവിഡ പാർട്ടികളുടെ ദ്വിമുഖാധിപത്യം തകർത്ത് നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കരുത്തുറ്റ മൂന്നാം ശക്തിയായി മാറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന രണ്ട് പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ വിജയിക്ക് സാധിച്ചിട്ടുണ്ട്.

ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ പ്രകാരം വിജയിയുടെ പാർട്ടിക്ക് 63 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട് (11 സീറ്റുകളുടെ വ്യത്യാസം വരാം). ഏകദേശം 30 ശതമാനം വോട്ട് വിഹിതമാണ് ടിവികെക്ക് പ്രവചിക്കുന്നത്. ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിന് പിന്നിലാണെങ്കിലും, തമിഴ് രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി വിജയ് മാറിയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.