തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞെത്തുന്ന ഒരു നേതാവിനെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച മുന്നേറ്റത്തിന് പിന്നാലെ ടിഎംസിയിലെ മുന്‍നിര നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ണായക പ്രതികരണം.

അഴിമതി ആരോപണങ്ങളില്‍ പെട്ട കറപുരണ്ട വ്യക്തിത്വങ്ങളെ പാര്‍ട്ടിയില്‍ ഉള്‍ക്കൊള്ളിക്കില്ലെന്നും ബിജെപിയെ തൃണമൂല്‍വത്കരിക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും അദ്ദേഹം കൊല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബംഗാളില്‍ ബിജെപി നേടിയ കരുത്തുറ്റ വളര്‍ച്ച താഴേത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകരുടെ കഠിനാധ്വാനം മൂലമാണെന്നും അല്ലാതെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഇറക്കുമതി കൊണ്ടല്ലെന്നും സമിക് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. ടിഎംസിയില്‍ നിന്ന് രാജിവെച്ചു വരുന്നവര്‍ക്ക് ബിജെപി അംഗത്വം നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുപോലുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിഎംസി നേതാക്കള്‍ക്ക് മുന്നില്‍ തങ്ങളുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞുകഴിഞ്ഞു. ഒരു നേതാവിനെയും ഇറക്കുമതി ചെയ്യാതെയാണ് തങ്ങള്‍ 207 എംഎല്‍എമാര്‍ എന്ന ശക്തമായ നിലയിലേക്ക് ഉയര്‍ന്നത്. ജനങ്ങള്‍ വോട്ട് ചെയ്തത് ടിഎംസി നേതാക്കളുടെ അഴിമതിക്കും ഭരണകൂട ഭീകരതയ്ക്കും എതിരെയാണ്. അടിത്തട്ടില്‍ നിന്നുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് ഇത്തവണ തങ്ങള്‍ പയറ്റിയത്. അങ്ങനെയരിക്കെ ജനങ്ങള്‍ തിരസ്‌കരിച്ച കളങ്കിതരായ ആളുകളെ തങ്ങള്‍ക്കെങ്ങനെ പാര്‍ട്ടിയില്‍ ഉള്‍ക്കൊള്ളിക്കാനാകുമെന്ന് സമിക് ഭട്ടാചാര്യ ചോദിച്ചു.

ബംഗാള്‍ ജനതയുടെ പിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ആഭ്യന്തര കലഹങ്ങളില്‍ ഉലയുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതം മറയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് മമത ബാനര്‍ജിയും സംഘവും ഇപ്പോള്‍ തെരുവുകളില്‍ സമരങ്ങളുമായി ഇറങ്ങുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

2021 ലെ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂലില്‍ നിന്ന് കൂട്ടത്തോടെ നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച തന്ത്രം തിരിച്ചടിയായെന്ന പാഠം ഉള്‍ക്കൊണ്ടാണ് ഇത്തവണ കടുത്ത നിലപാടിലേക്ക് ബംഗാള്‍ ബിജെപി നേതൃത്വം കടന്നിരിക്കുന്നത്.