കണ്ണൂർ: ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞ കേസിൽ പഞ്ചായത്തംഗം ഉൾപ്പടെ പത്ത് സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി തെക്കിനിയിൽ ടി.വി.ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് അനുഭവിക്കണം. ഒമ്പതു പേർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. എം.കെ.പ്രദീപ് കുമാര്‍, പി.പി.സത്യന്, സിപിഎം പഞ്ചായത്തംഗം പി.വി.ബാബുരാജ്, ഇ.കെ.വിനോദ് കുമാര്‍, വിജയന്, കെ.പി.സുരേഷ്, ടോബി, ശിവപ്രകാശ് തുടങ്ങിയവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കോടതി ശിക്ഷിച്ചതോടെ പഞ്ചായത്തംഗമായ പി.വി.ബാബുരാജ് അയോഗ്യനാകും. 2011 നവംബർ 27ന് കണ്ണൂർ ആലക്കോട് തിമിരിയിലായിരുന്നു സംഭവം. തിമിരി അവര്‍ കോളജിന് സമീപത്തുവെച്ച് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞെന്നാണ് കേസ്.
സംഭവത്തില്‍ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ബോംബേറുണ്ടായത്.



