സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സ്റ്റോക്ക് ട്രേഡറായ യുവാവിനെയും ഭാര്യയെയും ഒമ്പത് വയസുകാരി മകളെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ വെസുവിലുള്ള ‘ഹാപ്പി എലഗൻസ്’ സൊസൈറ്റിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

‌ബാൽമുകുന്ദ് ഖേതൻ, ഭാര്യ പ്രിയങ്ക ഖേതൻ, മൂത്ത മകൾ ഭവ്യ ഖേതൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ഏഴ് വയസുകാരിയായ രണ്ടാമത്തെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. മരിക്കുന്നതിന് മുൻപ് കുടുംബം വിഷം കഴിച്ചതായാണ് വിവരം.

സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈഭവ് റുംഗ്ത എന്ന വ്യക്തിയുടെ പേരാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വൈഭവ് തന്‍റെ ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്തതായും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വൈഭവ് റുംഗ്തയെ പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വളർത്തുമൃഗമായ നായയെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. നായയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അതിനെ പുനരധിവസിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്യണമെന്നും കുറിപ്പിൽ അപേക്ഷിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളും മാനസിക പീഡനവുമാണ് ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയത്. മരിച്ച ബാൽമുകുന്ദ് ഖേതൻ ബീഹാർ സ്വദേശിയാണ്.