അഞ്ചൽ: കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓട്ടോറിഷ ഓടിച്ചിരുന്ന അക്ഷയ്, യാത്രക്കാരായിരുന്ന ജ്യോതിലക്ഷമി (21) ശ്രുതി ലക്ഷമി (16) എന്നിവരാണ് മരിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജങ്ഷനിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനം നടത്തുകയും മൂന്ന് പേരെയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലും പുനലൂരിലെ താലൂക്ക് ആശുപത്രിയിലുമാണുള്ളത്. അപകടത്തിൽ അഞ്ച് പോലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. അപകടത്തിൻ്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല.