ലണ്ടൻ: പതിവുപോലെയുള്ള ട്രെയിൻ യാത്രയ്ക്ക് കയറുന്നവരെ ഞെട്ടിക്കുന്ന വസ്ത്രധാരണവുമായി സ്ത്രീകളും പുരുഷന്മാരുമായ സഹയാത്രികർ ഇടയ്ക്കിടെ ലണ്ടനിൽ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് പതിറ്റാണ്ടായി തുടരുന്ന ഒരു ‘ആചാര’മാണ് ഈ ഞെട്ടലിന് ആധാരം. ‘നോ ട്രൗസേഴ്സ് ട്യൂബ് റൈഡ്’ എന്ന പേരിൽ നടക്കുന്ന ഈ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നവർ പാന്റ്സ് ഒഴിവാക്കി അടിവസ്ത്രം ധരിച്ചാണ് യാത്ര ചെയ്യുന്നത്. മേൽവസ്ത്രവും അടിവസ്ത്രവും മാത്രം ധരിച്ച് സ്ത്രീപുരുഷ ഭേദമില്ലാതെ ആളുകൾ ഈ ആചാരത്തിൽ പങ്കെടുക്കുന്നുണ്ട്.
പക്ഷേ ഇത്തവണ ‘നോ ട്രൗസേഴ്സ് ട്യൂബ് റൈഡ്’ അവസാനിപ്പിക്കണമെന്ന ആഹ്വാനം ശക്തമാണ്. ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് ആഘാതമുണ്ടാക്കുമെന്നാണ് ‘നോ ട്രൗസേഴ്സ് ട്യൂബ് റൈഡി’നെ എതിർക്കുന്നവർ വാദിക്കുന്നത്. 2002ൽ ന്യൂയോർക്കിലാണ് ‘നോ പാന്റ്സ് സബ് വേ റൈഡ്’ എന്ന പേരിൽ ഈ ‘ആചാരം’ തുടങ്ങിയത്. 2009ൽ സ്റ്റിഫ് അപ്പർ ലിപ് സൊസൈറ്റി എന്ന ഫ്ലാഷ്-മോബ് ഗ്രൂപ്പാണ് ഈ പരിപാടിക്ക് പ്രചാരം നൽകിയത്. പിന്നീട് ഇത് ലോകത്തിലെ മറ്റു പല കോണുകളിലും വ്യാപിക്കുകയായിരുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം വർധിക്കുന്നതിന് ഇത് കാരണമാകും. പലപ്പോഴും ലൈംഗികാതിക്രമം ലക്ഷ്യമിടുന്നവർ ‘നോ ട്രൗസേഴ്സ് ട്യൂബ് റൈഡ്’ ഉപയോഗിക്കും, ഇത് സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്നും ചില സ്ത്രീ യാത്രക്കാർ അഭിപ്രായപ്പെടുന്നു. പാന്റ്സ് ഇല്ലാത്ത അപരിചിതരുമായി അബദ്ധവശാൽ ശാരീരിക സമ്പർക്കം പുലർത്താനുള്ള സാധ്യത ഉയർത്തുന്നതായി കോളമിസ്റ്റ് റയാൻ കൂഗൻ ചൂണ്ടിക്കാട്ടുന്നത്. 2024–25 വർഷത്തിൽ എല്ലാ ട്യൂബ് ലൈനുകളിലുമായി 595 ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് 2019–20 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്നും വിമർശകർ വ്യക്തമാക്കുന്നു.



