തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഒളിവിൽ പോയിരുന്ന കേസിലെ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയെ (22) ചങ്ങനാശേരിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. 

സ്പാ ജീവനക്കാരിയെ ആക്രമിച്ച ശേഷം പ്രതികൾക്ക് ഒളിവിൽ കഴിയാനും രക്ഷപെടാനും വാഹന സൗകര്യം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ചങ്ങനാശേരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഷിന്റോ പി. സണ്ണിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ‘മരണ’ സുബിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

ഫെബ്രുവരി ഒന്നിനാണ് തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചത്. ആറ് പ്രധാന പ്രതികളെയും (സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ്, അഖിൽ കുമാർ, പ്രശോഭ്, കിരൺ തോമസ്, സാജൻ തോമസ്) ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്.