തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മരിച്ച വേണുവിന് ചികിത്സ നല്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി.
കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയത് എന്നുമാണ് ഡോക്ടര്‍മാരുടെ വാദം. വേണുവിന്റെ ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്. വിഷയത്തില്‍ ഡിഎംഇ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
വേണുവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കിയിരുന്നു.



