തിരുവനന്തപുരം: കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശ ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും കാണാനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രചാരണ രംഗത്ത് പ്രതിപക്ഷം അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്‍ അവവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ 97 ശതമാനവും പൂര്‍ത്തീകരിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് അഭിമാനകരമായ നേട്ടമാണ്. ചെയ്യാന്‍ പറ്റുന്നത് പറയുക പറയുന്നത് ചെയ്യുക. ഇത് കൃത്യമായി പാലിച്ചു പോകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസനത്തിന് ഒപ്പം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ നോക്കി. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞു. ആ മുന്നേറ്റം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാവി വികസനത്തിലും ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. എല്‍ഡിഎഫിനെ എതിര്‍ക്കുന്ന മുന്നണിയില്‍ ഉള്ളവര്‍ പോലും കേരളത്തിന്റെ സ്ഥിരതയും സാമൂഹ്യ നീതിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണം – അദ്ദേഹം പറഞ്ഞു.



