കോട്ടയം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സാമ്പത്തിക തർക്കമാണ് കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസും അറിയിച്ചു. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു(45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നു പോലീസ് സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുമ്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുമ്പു ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്കു കാരണമായതെന്നു പോലീസ് പറഞ്ഞു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിർത്തിയിരുന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്റർ നിർത്തിയതെന്നു പറയുന്നു.



