കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അനുകൂല തരംഗം ആവർത്തിക്കും. പേരാവൂരില്‍ താൻ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവേകളിൽ താൻ തോൽക്കുമെന്ന് കണ്ടു. ജനങ്ങളുടെ സർവേ തനിക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കേസ് കൊടുക്കും. നികേഷ് കാടടച്ചു വെടിവെയ്ക്കുകയാണ്. പാലക്കാട്ട് ബിജെപി പണം ഒഴുക്കുകയാണ്. ബിജെപി പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.



