പാലക്കാട്: ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം.

സ്കൂളുകൾ, പ്രഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിംഗ് സെന്‍ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവില്‍ ജില്ലയിലെ താപനില 40.1 ഡിഗ്രി സെൽഷ്യസ് ആണ്. അതേസമയം, അനുഭവഭേദ്യമായ ചൂട് 45 ഡിഗ്രി സെല്‍സ്യസ് വരെയാണ്. ഉയർന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്സ്, സൂര്യാതപം, സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്ക് സാധ്യതയുമുണ്ട്.

ഈ സാഹചര്യത്തില്‍ ക്ലാസ് മുറികളിലെ താപനില, വെന്‍റിലേഷൻ സൗകര്യങ്ങളുടെ അഭാവം, താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.