തിരുവനന്തപുരം: പാർട്ടി അംഗത്വം പുതുക്കില്ലെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. സുധാകരൻ പാർട്ടിയെ കുറിച്ച് തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
സുധാകരനെ പാർട്ടി അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ജി. സുധാകരൻ ഏറെ പക്വതയുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.
തങ്ങൾ വിദ്യാർഥി കാലഘട്ടം മുതൽ ഒന്നിച്ച് പ്രവർത്തിച്ചവരാണെന്നും ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ സുധാകരൻ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ല. എല്ലാ കാലത്തും പാർട്ടി ജി. സുധാകരനെ വേണ്ടരീതിയിൽ പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.



