തൃശൂർ: വെടിക്കെട്ടുപുരയിലുണ്ടായ വൻ സ്ഫോടനമുണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിൽ പ്രദേശവാസികൾ. ശബ്ദംകേട്ടു ഭൂകന്പമാണെന്നു കരുതിയെന്നും സമീപത്തെ വാഹനങ്ങളടക്കം കുലുങ്ങിയെന്നും പ്രദേശവാസികൾ പറഞ്ഞു. സമീപത്തെ എല്ലാ വീടുകളുടെയും ജനാലകൾ പൊട്ടിത്തകർന്നു.
പടക്കനിർമാണശാലയുടെ അടുത്തുള്ള സ്ഥലത്തു വാഹനത്തിലിരിക്കുന്പോഴാണു ശബ്ദം കേട്ടതെന്ന് ഒരാൾ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വാഹനം കുലുങ്ങി. ഇറങ്ങിനോക്കിയപ്പോഴാണു സ്ഫോടനമാണെന്ന് അറിഞ്ഞത്.
കൃഷിസ്ഥലത്തേക്കു വന്നതായിരുന്നു ഇദ്ദേഹം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ ചില്ലുകൾ തകർന്നു. ഭിത്തികളിലും വിള്ളലുണ്ടായി.
ആദ്യം ഭൂമികുലുക്കമാണെന്നാണു കരുതിയതെന്നും പുറത്തേക്ക് ഓടിയിറങ്ങിയപ്പോഴാണു പാടത്തു തീഗോളം കണ്ടതെന്നു അയൽവാസിയായ വീട്ടമ്മ പറഞ്ഞു. പരിചയമുള്ള നിരവധിപ്പേർ ജോലിക്കുണ്ടായിരുന്നെന്നും ഇവർക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.
അപകടത്തിനുമുന്പ് ഇടിവെട്ടി: ദൃക്സാക്ഷികൾ
അപകടത്തിനു തൊട്ടുമുന്പ് പ്രദേശത്ത് ഒരു വലിയ ഇടിമുഴക്കം കേട്ടെന്നു പ്രദേശവാസികളും പരിക്കേറ്റ് ആശുപത്രിയിലെത്തിയവരുടെ ബന്ധുക്കളും പറയുന്നു. ഇടിമുഴക്കത്തിനുപിന്നാലെ മിന്നൽപ്പിണർപോലെ ചെറിയ തീപ്പൊരികൾ പാറുന്നതുകണ്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇടിവെട്ടിയതാണ് വെടിമരുന്നിനു തീപിടിക്കാൻ കാരണമെന്നാണ് ഇവരുടെ സംശയം.
50 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: തൃശൂർ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. തൃശൂർ ജില്ലാ കളക്ടർക്കാണ് തുക അനുവദിച്ചത്. ദുരന്തത്തിൽ ഒട്ടേറെ പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ആർഡിഒ അന്വേഷിക്കും
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലെ അപകടത്തിൽ മജിസ്റ്റീരിയൽ തല അന്വേഷണത്തിനു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകടകാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിനു സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.
കൺട്രോൾ റൂം തുറന്നു
തൃശൂർ: വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ തത്സമയവിവരങ്ങൾ ലഭ്യമാകുന്നതിനു രണ്ടു കൺട്രോൾ റൂമുകൾ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620. തൃശൂർ താലൂക്ക് ഓഫീസ്: 04884232226.



