‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രം കേരളത്തെയോ കേരളീയരെയോ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് നിർമ്മാതാവ് വിപുൽ ഷാ. ചിത്രത്തിന്റെ റിലീസിന് കേരള ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി വൈകി ഷാ നൽകിയ അപ്പീലിലാണ് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’

സിനിമ വളരെയധികം കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയുമാണ് നിർമ്മിച്ചത്. സിനിമയോ താനോ അണിയറപ്രവർത്തകരോ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് എതിരല്ല. മനോഹരവും അത്ഭുതകരവുമായ ഒരു സംസ്ഥാനമാണത്. എന്നാൽ അവിടെ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നുണ്ടെങ്കിൽ അത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും സിനിമ കണ്ടുകഴിഞ്ഞാൽ അക്കാര്യം ബോധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.