മംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. ചിക്കമഗളൂരിലെ ജില്ലാ ആശുപത്രിയിൽ നിന്നും വെള്ളിയാഴ്ച രാത്രി 11.20 നാണ് യാത്ര തിരിച്ചത്. കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
നിരവധി പേർ ശ്രീനന്ദയെ അവസാനമായി കാണാനെത്തി. ചിക്കമഗളൂരു ബാബാ ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം മാണിക്യധാര വെള്ളച്ചാട്ടത്തിനു സമീപം 1500 അടി താഴ്ചയിൽനിന്നാണ് കണ്ടെത്തിയത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മലയിടുക്കിൽനിന്നു മൃതദേഹം കണ്ടെടുത്തത്.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദയെ (15) ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് ബാബാ ബുധൻഗിരി മലയിൽവച്ച് കാണാതായത്. സ്വന്തം കുടുംബാംഗങ്ങൾ അടങ്ങുന്ന നാല്പതംഗ സംഘത്തോടൊപ്പമായിരുന്നു പെൺകുട്ടി ഇവിടെയെത്തിയത്.
കുടുംബാംഗങ്ങളെല്ലാം പലവഴിക്കു നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണു ശ്രീനന്ദയെ കാണാതായത്.



