ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അത്യാധുനിക ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍ സംവിധാനമായ ഗഗൻ അഥവാ ജിപിഎസ് എയ്ഡഡ് ജിയോ ഒഗ്മെന്റഡ് നാവിഗേഷൻ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു നിശ്ചിത സമയപരിധിക്ക് വെറും 28 ദിവസം മുന്‍പ് വിമാനം രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ് ഈ സുരക്ഷാ സംവിധാനം ഒഴിവാക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ജൂലൈ ഒന്ന് മുതല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വിമാനങ്ങള്‍ക്കും ഉപഗ്രഹ സഹായത്തോടെയുള്ള നാവിഗേഷന്‍ (ഗഗൻ) നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് വിമാനം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 2021 ജൂണ്‍ രണ്ടിനാണ്. അതായത് പുതിയ നിയമം വരുന്നതിന് കൃത്യം 28 ദിവസം മുന്‍പ്. നിയമപരമായി ഈ വിമാനം കുറ്റമറ്റതാണെങ്കിലും, സാങ്കേതികമായി ഇത് പഴയ രീതിയിലുള്ളതായിരുന്നു. ഇക്കാരണത്താൽ മോശം കാലാവസ്ഥയില്‍ കൃത്യമായ ലാന്‍ഡിംഗിന് ഈ വിമാനത്തിന് കഴിഞ്ഞില്ല.
ബാരാമതി വിമാനത്താവളത്തില്‍ നിലവില്‍ ഗ്രൗണ്ട് അധിഷ്ഠിത ലാന്‍ഡിംഗ് സംവിധാനങ്ങായ ഇൻസ്ട്രമെന്റ് ലാൻഡിംഗ് സിസ്റ്റവും ലഭ്യമായിരുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയുള്ള ഗഗന് സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ പൈലറ്റിന് മൂടല്‍മഞ്ഞിലും കൃത്യമായി റണ്‍വേ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. അപകടം നടന്ന ബുധനാഴ്ച രാവിലെ പുകമഞ്ഞും മോശം കാലാവസ്ഥയും കാരണം പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചിരുന്നില്ല.
ആദ്യ തവണ ലാന്‍ഡിംഗ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം ഉയര്‍ത്തി വീണ്ടും താഴ്ത്താന്‍ ശ്രമിച്ചു രണ്ടാമത്തെ ശ്രമത്തിനിടെ റണ്‍വേയ്ക്ക് 100 മീറ്റര്‍ അകലെ വിമാനം തകരുകയും തീപിടിക്കുകയും ചെയ്തു. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.



