തമിഴ് സൂപ്പർതാരം ദളപതി വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകൻ’ സിനിമയുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റ്സും വിജയ്യുടെ ഇൻട്രോ രംഗവുമാണ് ചോർന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്.
എഡിറ്റിംഗ് ടേബിളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. വീഡിയോയുടെ അവസാനം ഒരാൾ ദൃശ്യങ്ങൾ പോസ് ചെയ്യുന്നത് കാണാമെന്നും റിപ്പോർട്ടുകളുണ്ട്. ദൃശ്യങ്ങൾ ചോർന്നതിന് പിന്നാലെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തി.
എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ കമ്പനി ആരംഭിച്ച് കഴിഞ്ഞു. വീഡിയോ പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.



