അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുണ്ടായ മിന്നൽ പ്രളയദുരന്തത്തിൻറെ ദുരിതം പേറുന്നവർക്ക് പ്രാദേശിക സഭ സഹായമേകുന്നു. ജൂലൈ 4-ന് വെള്ളിയാഴ്ച കെർവില്ലെ നഗരത്തിൽ ഗ്വദലൂപ്പെ നദിയിൽ പേമാരിമൂലം വെള്ളം കരകവിഞ്ഞുണ്ടായ പ്രളയം എൺപതിലേറെപ്പേരുടെ ജീവനെടുക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു.
സാൻ അന്തോണിയൊ രൂപതയുടെ ആർച്ച്ബിഷപ്പ് ഗുസ്താവൊ ഗർസീയ സില്ലെർ ദുരന്തപ്രദേശം സന്ദർശിക്കുകയും സഹായവും പ്രാർത്ഥനയും ഉറപ്പുനല്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞവരിൽ അവിടെ വാർഷിക വേനൽക്കാലശിബിരത്തിൽ പങ്കെടുക്കുകയായിരുന്നു പെൺകുട്ടികളും ഉൾപ്പെടുന്നു.
കത്തോലിക്കാ ഉപവിപ്രവർത്തന അന്താരാഷ്ട്രസംഘടനയായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ പ്രാദേശിക ഘടകവും സഹായഹസ്തവുമായി രംഗത്തുണ്ട്. ഈ സംഘടന ഭക്ഷണം, വസ്ത്രം, ശുദ്ധജലം തുടങ്ങിയവ എത്തിക്കുന്നതിനും ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് താല്ക്കാലിക വാസയിടം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്നു.
ജൂലൈ 6-ന് ഞായറാഴ്ച, ത്രികാലപ്രാർത്ഥനാ വേളയിൽ, ലിയൊ പതിനാലമൻ പാപ്പാ ടെക്സസിലെ ജലപ്രളയ ദുരന്തത്തിൽ തൻറെ വേദന അറിയിക്കുകയും എല്ലാവർക്കും തൻറെ പ്രാർത്ഥന ഉറപ്പുനല്കുകയും ചെയ്തിരുന്നു.