ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് നഗരം അതീവ ജാഗ്രതയിൽ. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ വർധിപ്പിച്ചു. ഞായറാഴ്ച,നാണ് ആക്രമണ സാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ബിജെപി ദേശീയ ആസ്ഥാനത്ത് സ്ഫോടനത്തിന് ഭീകരർ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിപുലമായ സുരക്ഷാ മുൻകരുതലുകളാണ് പൊലീസ് സ്വീകരിക്കുന്നത്. ആസ്ഥാനത്തിന് മുന്നിലും പരിസരത്തും സായുധ പൊലീസ് സേനയെ നിയോഗിച്ചു.
സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കായി കൂടുതൽ പൊലീസ് സംഘങ്ങളെ ഡൽഹിയിൽ നിയോഗിച്ചു. വാഹന പരിശോധനയും പൊതുയിടങ്ങളിലെ നിരീക്ഷണവും കർശനമാക്കി. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താമസിയാതെ വിവരമറിയിക്കണമെന്ന് ഡൽഹി പൊലീസ് നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.



