ലക്നോ: ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽ പിറന്നാൾ ആഘോഷത്തിനിടെ കൗമാരക്കാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ 13 വയസുകാരനാണ് മരിച്ചത്.
കൃഷ്ണനഗറിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലാണ് സംഭവം. കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥി, അതെ ക്ലാസിലെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ പോയിരുന്നു. 13, 14 വയസുള്ള മറ്റ് രണ്ട് കുട്ടികൾ കൂടി ഇവരോടൊപ്പമുണ്ടായിരുന്നു. ആഘോഷത്തിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികൾ കൈയിലെടുക്കുകയും അബദ്ധത്തിൽ വെടിവയ്ക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഉടൻ തന്നെ വീട്ടുടമസ്ഥൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡപകടം സംഭവിച്ചുവെന്നാണ് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയ കുടുംബത്തെ അവിടെവച്ചാണ് മരണവാർത്ത അറിയിച്ചത്.
വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും വെടിവച്ച കുട്ടിക്കും പിതാവിനുമെതിരെ കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.



