വീട് ജപ്തിയെ തുടർന്ന് ടാർപ്പോളിൻ കെട്ടിയ കൂരയ്ക്ക് കീഴിൽ കഴിഞ്ഞ കുടുംബത്തിന് തുണയായി കുട്ടികൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകർ. തിരുവല്ല എംജിഎം ഹയർസെക്കൻ്ററി സ്കൂളിലെ 8, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടങ്ങുന്ന കുടുംബത്തിനാണ് അധ്യാപകർ ചേർന്ന് 2.5 ലക്ഷം രൂപ സ്വരൂപിച്ചു കൈത്താങ്ങായത്.

കഴിഞ്ഞ മാസം 22 നാണ് ലോൺ അടയ്ക്കാത്തതിനെ തുടർന്ന് ചാത്തങ്കേരി സ്വദേശിയുടെ വീട് സിപിഎം നേതൃത്വത്തിലുള്ള തിരുവല്ല അർബൻ സഹകരണ സംഘം അധികൃതർ ജപ്തി ചെയ്ത് സീൽ വച്ചത്. കൂലിപ്പണിക്കാരനായ യുവാവും 2 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഇതോടെ പെരുവഴിയിലായി. പഴയ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ടാർപോളിൻ ഷീറ്റ് കെട്ടിയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ഇവരുടെ താമസം.

കുടുംബത്തിൻ്റെ ദയനീയ അവസ്ഥ ദമ്പതികളുടെ 2 കുട്ടികൾ പഠിക്കുന്ന തിരുവല്ല എംജിഎം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ സഹായ ഹസ്തവുമായി അധ്യാപകർ മുന്നിട്ടിറങ്ങുകയായിരുന്നു. എല്ലാവരും കൂടി ചേർന്ന് തിരിച്ചടവ് തുകയായ 2.5 ലക്ഷം രൂപ പിരിച്ചെടുത്ത് ഇന്ന് ഉച്ചയോടെ സഹകരണ സംഘത്തിന് കൈമാറി. ഇതോടെ ഗൃഹനാഥനും ഭാര്യക്കും മക്കൾക്കും സ്വന്തം കൂരയ്ക്കുള്ളിൽ ഇന്നുമുതൽ അന്തിയുറങ്ങാമെന്ന ആശ്വാസത്തിലാണ്.

2018 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് പഴയ വീട് നശിച്ചതോടെയാണ് പുതിയ വീടിനായി ആലോചനയാരംഭിച്ചത്. ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്വർണം വിറ്റും, ആകെയുള്ള നാലര സെൻ്റ് സ്ഥലം ഈട് വച്ച് എടുത്ത വായ്പയായ 3 ലക്ഷം രൂപയും ചേർത്താണ് പുതിയ വീട് പണിതത്. ജീവിത ചിലവും , ഇളയകുട്ടിയുടെ ചികിത്സയും മൂലം തിരിച്ചടവ് മുടങ്ങിയതോടെയാണ് സഹകരണസംഘം ജപ്തി നടപടി സ്വീകരിച്ചത്.