‘വിക്ടോറിയൻ രോഗം’ എന്നറിയപ്പെടുന്ന ക്ഷയരോഗം (Tuberculosis – TB) യുകെയിലെ ആമസോൺ വെയർഹൗസിൽ സ്ഥിരീകരിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. കവൻട്രിയിലുള്ള ആമസോൺ വിതരണ കേന്ദ്രത്തിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
3000 ജീവനക്കാർ ജോലി ചെയ്യുന്ന ഈ കേന്ദ്രത്തിൽ 10 പേർക്കാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. 2025 സെപ്റ്റംബറിലാണ് ഈ കേസുകൾ കണ്ടെത്തിയതെന്നും, ഇവ പകരാത്ത തരത്തിലുള്ളതാണെന്നും ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ദേശീയ ആരോഗ്യ സേവന വിഭാഗമായ എൻഎച്ച്എസ് (NHS), യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) എന്നിവയുടെ ഉദ്യോഗസ്ഥർ വെയർഹൗസ് സന്ദർശിക്കുകയും ജീവനക്കാർക്കായി വിപുലമായ പരിശോധനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സ്ഥാപനത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. അതീവ ജാഗ്രതയുടെ ഭാഗമായാണ് ഇപ്പോൾ സ്ക്രീനിംഗ് നടത്തുന്നതെന്ന് ആമസോൺ വക്താവ് അറിയിച്ചു. എൻഎച്ച്എസ്, യുകെഎച്ച്എസ്എ എന്നിവയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രോഗബാധയുണ്ടാകാൻ സാധ്യതയുള്ള ജീവനക്കാരെ വിവരം അറിയിച്ചിട്ടുണ്ട്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തത്തോടെയുള്ള ആശയവിനിമയം നടത്താൻ മറ്റ് പൊതുസ്ഥാപനങ്ങളെയും ഓർമ്മിപ്പിക്കുന്നുവെന്ന് ആമസോൺ വക്താവ് പറഞ്ഞു.
ആമസോൺ ജീവനക്കാരിൽ കണ്ടെത്തിയത് ‘ലേറ്റന്റ് ടിബി’ അഥവാ സുഷുപ്താവസ്ഥയിലുള്ള ക്ഷയരോഗമാണ്. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് (Mycobacterium tuberculosis) എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുമെങ്കിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാത്ത അവസ്ഥയാണിത്. ഈ ഘട്ടത്തിൽ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. ബാക്ടീരിയ ശരീരത്തിൽ നിർജീവമായി തുടരും. രക്തപരിശോധനയിലൂടെയോ സ്കിൻ ടെസ്റ്റിലൂടെയോ മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ. എന്നാൽ, ഭാവിയിൽ ഇത് സജീവ ക്ഷയരോഗമായി മാറുന്നത് തടയാൻ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
ലേറ്റന്റ് ടിബി ഉള്ളവർക്ക് ലക്ഷണങ്ങൾ ഉണ്ടാവില്ലെങ്കിലും, ഇത് സജീവ ക്ഷയരോഗമായി (Active TB) മാറിയാൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകാം:
● മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമ.
● നെഞ്ചുവേദന.
● ചുമയ്ക്കുമ്പോൾ രക്തമോ കഫമോ വരിക.
● അമിതമായ ക്ഷീണം.
● പെട്ടെന്ന് ശരീരഭാരം കുറയുക.
● പനി, രാത്രിയിൽ അമിതമായി വിയർക്കൽ.
രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അന്തരീക്ഷത്തിൽ പടരുന്ന കണങ്ങളിലൂടെയാണ് ടിബി ബാക്ടീരിയ മറ്റൊരാളിലേക്ക് എത്തുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും (എച്ച്ഐവി ബാധിതർ, ചില മരുന്നുകൾ കഴിക്കുന്നവർ), ടിബി രോഗികളുമായി അടുത്തിടപഴകുന്നവരിലും രോഗസാധ്യത കൂടുതലാണ്. തിരക്കേറിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ജീവിക്കുന്നതും രോഗസാധ്യത വർദ്ധിപ്പിക്കുന്നു.
ലേറ്റന്റ് ടിബി പകരില്ലെങ്കിലും, ബാക്ടീരിയ സജീവമാകാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സ ആവശ്യമാണ്. 2024ൽ യുകെയിൽ ക്ഷയരോഗ കേസുകളിൽ 13.6% വർദ്ധനവുണ്ടായതായി യുകെഎച്ച്എസ്എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
5,500 പേർക്കാണ് കഴിഞ്ഞ വർഷം രോഗം സ്ഥിരീകരിച്ചത്. ആമസോൺ വെയർഹൗസിലെ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് പരിശോധനകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുകെഎച്ച്എസ്എ വെസ്റ്റ് മിഡ്ലാൻഡ്സ് ഹെൽത്ത് പ്രൊട്ടക്ഷൻ കൺസൾട്ടന്റ് ഡോ. റോജർ ഗജ്രാജ് അറിയിച്ചു. രോഗം പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും നിലവിൽ വലിയ അപകടസാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



