തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കൊല്ലം വിജിലൻസ് കോടതി വിധി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയത് കോൺഗ്രസും ബിജെപിയും ഒരുപോലെ സർക്കാരിനെതിരേ ആയുധമാക്കുകയാണ്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി 41 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
അതേസമയം, തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. കീഴ്കോടതി ഉത്തരവ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിനു തിരിച്ചടിയാകും.
കൊല്ലം വിജിലൻസ് കോടതിയുടെ ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടു തന്ത്രിക്കെതിരേ നിരവധി തെളിവുകൾ നിലവിലുണ്ടെന്നാണ് എസ്ഐടി വാദം. ജാമ്യ ഹർജി പരിഗണിക്കുന്പോൾ എല്ലാ തെളിവും ഹാജരാക്കാൻ കഴിയില്ല. വിജിലൻസ് കോടതിയുടേത് അന്തിമ വിധി പോലെയാണെന്നും എസ്ഐടി പറയുന്നു. കൊല്ലം വിജിലൻസ് കോടതിവിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവും പറഞ്ഞു.
രണ്ടാഴ്ച ഇടവേളയ്ക്കു ശേഷം ഇന്നു മുതൽ നിയമസഭ വീണ്ടും സമ്മേളിക്കുന്പോൾ കുറ്റകൃത്യത്തിനു തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയതത് ചർച്ചയാകും. സിപിഎം നേതാക്കളെ രക്ഷിക്കാനും സിപിഎമ്മിന്റെ മേൽ പതിച്ച ശബരിമല സ്വർണക്കൊള്ളയുടെ നിഴൽ ഒഴിവാക്കാനുമാണെന്നാണ് കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറയുന്നത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. ശബരിമല തന്ത്രിയെ കള്ളക്കേസിൽ കുടുക്കിയ നടപടിയിൽ പ്രതിഷേധവുമായി കൂടുതൽ ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തുമെന്നാണ് വിവരം.
അതേസമയം, തന്ത്രിക്കെതിരേ കടുത്ത പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. തന്ത്രി കള്ളൻമാരുടെ ആളാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം.
തന്ത്രി ‘പെരുങ്കള്ളൻ’
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവർക്കു ജാമ്യം ലഭിച്ചതിൽ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്നു ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസുകാർക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കയറ്റിയത് കെ.സി. വേണുഗോപാലാണെന്നു കണ്ടെത്തിയതോടെ മിണ്ടാട്ടമില്ല. ‘പോറ്റിയെ കേറ്റിയേതാരപ്പാ…’നിങ്ങൾ എല്ലാവരും കൂടി ചോദിച്ചില്ലേ. അന്ന് നിങ്ങൾ എന്താ പറഞ്ഞേ ‘സഖാക്കളാണപ്പാ’. ഇപ്പോഴോ മനസിലായില്ലേ? ‘കെ.സി. വേണുഗോപാൽ ആണപ്പാ’-എം.വി. ഗോവിന്ദൻ പറഞ്ഞു.
അന്വേഷണം അട്ടിമറിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ അന്വേഷണം പൂർണമായി അട്ടിമറിക്കപ്പെടുകയും മറ്റു ദിശയിലേക്കു വഴി തിരിച്ചു വിടുകയും ചെയ്തുവെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
അന്വേഷണം മുൻമന്ത്രി കടകംപള്ളിയിലേക്കും മന്ത്രി വി.എൻ. വാസവനിലേക്കും എത്താനിരിക്കാനാണ് തന്ത്രി കണഠര് രാജീവരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് 41 ദിവസം ജയിലിൽ പാർപ്പിച്ചത്. യുവതീ പ്രവേശനത്തെയും 365 ദിവസം നട തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെയും എതിർത്തതിലുള്ള പകപോക്കൽ കൂടിയായിരുന്നു തന്റെ അറസ്റ്റ് എന്നാണ് തന്ത്രി കോടതിയിൽ അറിയിച്ചത്.
അറസ്റ്റിന് കാരണമായി എസ്ഐടി കോടതിയിൽ ബോധിപ്പിച്ച എല്ലാ കാരണങ്ങളും തെളിവിന്റെ കണിക പോലുമില്ലെന്ന് വ്യക്തമാക്കി കൊല്ലം വിജിലൻസ് കോടതി തള്ളിക്കളയുകയായിരുന്നു. ശബരിമലയെ ഉപയോഗിച്ച് വീണ്ടും രാഷ്ട്രീയം കളിക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന് വിശ്വാസികളും ജനങ്ങളും ചുട്ടമറുപടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



