തമിഴ്നാട് ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ചൊവ്വാഴ്ച നിയമസഭയുടെ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സർക്കാർ തയ്യാറാക്കി നൽകിയ പ്രസംഗത്തിൽ തെറ്റായ വിവരങ്ങളും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് ഗവർണറുടെ ഈ നടപടി. ദേശീയഗാനം ആലപിക്കുന്ന സമയത്ത് സഭയിലുണ്ടായിരുന്ന അദ്ദേഹം അത് കഴിഞ്ഞയുടൻ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തെക്കുറിച്ച് 13 പോയിന്റുകൾ അടങ്ങിയ വിശദീകരണം രാജ്ഭവൻ (ഇപ്പോൾ ലോക് ഭവൻ) പുറത്തുവിട്ടു. പ്രസംഗത്തിനിടെ ഗവർണറുടെ മൈക്ക് തുടർച്ചയായി ഓഫാക്കിയെന്നും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു. “സർക്കാർ നൽകിയ പ്രസംഗത്തിൽ നിരവധി തെറ്റായ അവകാശവാദങ്ങളുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല നിർണ്ണായക വിഷയങ്ങളെയും സർക്കാർ അവഗണിച്ചിരിക്കുകയാണ്,” രാജ്ഭവൻ വ്യക്തമാക്കി.



