തെന്നിന്ത്യൻ നടി തൃഷ കൃഷ്ണനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ നടത്തിയ മോശം പരാമർശത്തിൽ ഒടുക്കം ഖേദപ്രകടനം. നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ നടത്തിയ പരാമർശത്തിനിടെയാണ് തൃഷയ്ക്കെതിരേയും തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അപകീർത്തികരമായ പരാമർശം നടത്തുന്നത്. ഇതിനെതിരെ തൃഷ രംഗത്തെത്തിയതിന് പിന്നാലെ, നാഗേന്ദ്രൻ തൻ്റെ പരാമർശങ്ങളിൽ ഖേഗം പ്രകടിപ്പിച്ചു

“ഇത് അബദ്ധത്തിൽ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,” തമിഴ്നാട് ബിജെപി പ്രസിഡന്റ് പറഞ്ഞു.

രാഷ്ട്രീയത്തിൽ വിജയം നേടണമെങ്കിൽ വിജയ് “തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം” എന്ന് നാഗേന്ദ്രൻ പറഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടതിന് തൊട്ടുപിന്നാലെയാണ് ക്ഷമാപണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒരു പ്രധാന വെല്ലുവിളിയായി ഉയർന്നുവരുമെന്ന വിജയിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.