മുംബൈ: അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ മാറ്റത്തിന് സാധ്യത. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമിലുൾപ്പെട്ട സ്പിന്‍ ഓള് റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റതോടെയാണ് ടീമില്‍ മാറ്റത്തിന് സാധ്യത തെളിഞ്ഞത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ സുന്ദര്‍ അഞ്ചോവര്‍ മാത്രം ബൗള്‍ ചെയ്ത് ഗ്രൗണ്ട് വിട്ടിരുന്നു. പിന്നീട് ബാറ്റിംഗിനിറങ്ങിയെങ്കിലും സുന്ദറിന് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും തുടര്‍ന്ന് നടക്കുന്ന ടി20 പരമ്പരയിലും കളിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സുന്ദറിന്റെ പരിക്ക് ഭേദമാവാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ സുന്ദര്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം ഏഴിന് മുംബൈയില്‍ അമേരിക്കക്കെതിരെ ആണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് പരിക്ക് ഭേദമായി സുന്ദറിന് കായികക്ഷമത വീണ്ടെടുക്കാനാവുമോ എന്ന കാര്യം സംശയമാണ്. ഇതോടെ ലോകകപ്പ് ടീമില്‍ ആരാകും സുന്ദറിന്റെ പകരക്കാരനായി എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സുന്ദറിന് പകരക്കാരനായി ഡല്‍ഹി യുവതാരം ആയുഷ് ബദോനിയെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടി20 പരമ്പരയില്‍ ആരാകും സുന്ദറിന്റെ പകരക്കാരനെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടി20 മത്സരങ്ങളില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്ത ബദോനിയെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കോ ലോകകപ്പ് ടീമിലേക്കോ പരിഗണിക്കാന്‍ സാധ്യതയില്ല.



