ലാഹോർ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്.
പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ ഐസിസി തിരികെ വിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഐസിസി ഒഫിഷ്യലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്താന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്. അതിനാൽ പാകിസ്താൻ ബഹിഷ്കരിച്ചാൽ ബംഗ്ലാദേശിനെ പകരം കളിപ്പിക്കുന്നതിൽ മറ്റു തടസ്സങ്ങളുണ്ടാകില്ല. ഇന്ത്യയിൽ കളിക്കില്ലെന്ന് മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാട്. പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിലായതിനാൽ ബംഗ്ലാദേശിന് ടൂർണമെന്റിൽ പങ്കെടുക്കാം.
പാകിസ്താൻ പിന്മാറാൻ തീരുമാനിക്കുകയാണെങ്കിൽ, ഗ്രൂപ്പ് എയിൽ അവരെ മാറ്റി ബംഗ്ലാദേശിന് കളിക്കാൻ അവസരം ലഭിക്കും. ബിസിബിയുടെ അഭ്യർത്ഥന അനുസരിച്ച് അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനും സാധിക്കും. ഈ ക്രമീകരണം വലിയ തരത്തിലുള്ള വെല്ലുവിളികൾ സൃഷ്ടിക്കുകയുമില്ല. – ഐസിസി ഒഫിഷ്യലിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനും ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള ആലോചനയിലെത്തിയത്. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പ് കളിപ്പിക്കാൻ ഐസിസി തീരുമാനിച്ചതോടെ പാകിസ്താനും ടൂർണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി. പിന്നാലെയാണ് നഖ്വി പാക് പ്രധാനമന്ത്രിയുമായി നിർണായക ചർച്ച നടത്തിയത്. ഏകദേശം 30 മിനിറ്റ് നേരം ഇരുവരും ചർച്ച ചെയ്തു. അതേസമയം, അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
‘പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഐസിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന് വിശദീകരണം നൽകി. എല്ലാ സാധ്യതകളും പരിഗണിച്ച് വിഷയം പരിഹരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ അന്തിമ തീരുമാനം എടുക്കും.’- നഖ്വി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ടൂർണമെന്റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ പാകിസ്താൻ സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു നഖ്വി നേരത്തേ പ്രതികരിച്ചത്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കണ്ടത്. ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിക്കുന്ന നിലപാടുകളെ നഖ്വി ശക്തമായി വിമർശിക്കുകയും ചെയ്തു. ഐസിസി കാണിച്ചത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്റെ താത്പര്യങ്ങൾ പരിഗണിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും വ്യക്തമാക്കിയിരുന്നു.



