ന്യൂഡൽഹി: മന്ത്രവാദം പോലുള്ളവ മതപരമായ ആചാരം ആണെന്ന് അവകാശപ്പെട്ടാലും കോടതിക്ക് ഇടപെടേണ്ടി വരുമെന്നു സുപ്രീംകോടതി. ചില ആചാരങ്ങൾ അന്ധവിശ്വാസങ്ങളാണോയെന്നു നിർണയിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്നു ശബരിമലയിലെ യുവതീ പ്രവേശന വിഷയം പരിഗണിക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഒന്പതംഗ ബെഞ്ച് വ്യക്തമാക്കി.
മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ അന്ധവിശ്വാസം എന്താണെന്നു തീരുമാനിക്കാൻ മതേതര കോടതിക്കു കഴിയില്ല എന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണു ജഡ്ജിമാർ നിലപാട് വ്യക്തമാക്കിയത്. മതത്തിലല്ല, നിയമകാര്യങ്ങളിലാണു ജഡ്ജിമാർ വിദഗ്ധർ എന്നും മേത്ത പറഞ്ഞു.
മതപരമായ ആചാരങ്ങളുടെ പരിഷ്കരണം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 25(2) (ബി) പ്രകാരം അത്തരം തീരുമാനങ്ങൾ നിയമസഭയ്ക്കു വിടണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന രാജ്യത്തെ ഒരു പ്രദേശത്ത് അന്ധവിശ്വാസമായി കാണുന്നതു മറ്റൊരു പ്രദേശത്തു നിയമാനുസൃതമായ മതപരമായ ആചാരമാകാമെന്ന് മേത്ത വാദിച്ചു, കോടതികൾ ആ മേഖലയിൽ പ്രവേശിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പും നൽകി.
എന്നാൽ സോളിസിറ്റർ ജനറലിന്റെ വാദം കോടതി തള്ളി. ഒരു ആചാരം അന്ധവിശ്വാസമാണോയെന്നു പരിശോധിക്കാനുള്ള അധികാരപരിധി കോടതികൾക്കുണ്ട്. നിയമനിർമാണ വീക്ഷണങ്ങൾ അംഗീകരിക്കുന്ന സ്ഥാപനമായി കോടതിയെ ചുരുക്കാൻ കഴിയില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.
മന്ത്രവാദം പോലുള്ള ആചാരം മതപരമാണെന്ന് അവകാശപ്പെടുകയും നിയമനിർമാണസഭ നിശബ്ദത പാലിക്കുകയും ചെയ്താൽ, ആരോഗ്യം, ധാർമികത, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കോടതികൾക്ക് ഇടപെടാൻ കഴിയില്ലേയെന്ന് ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സോളിസിറ്റർ ജനറലിനോടു ചോദിച്ചു. ആ കാരണങ്ങളാൽ ജുഡീഷ്യൽ അവലോകനം അനുവദനീയമാണെന്നു മേത്ത സമ്മതിച്ചു.
എന്നാൽ ഒരാചാരത്തെ അന്ധവിശ്വാസമായി മുദ്രകുത്തുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമമാകരുതെന്നു കേന്ദ്രം പരാമർശിച്ചു. തത്ത്വചിന്തയുടെ കണ്ണടയിലൂടെ അത്യാവശ്യ മതപരമായ ആചാരങ്ങൾ കോടതികൾ വിലയിരുത്തണമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന കൂട്ടിച്ചേർത്തു.
ഇതിനിടെ ഭരണഘടനയുടെ 25 (2) ബി വകുപ്പു പ്രകാരം നിയമനിർമാണത്തിനുള്ള സർക്കാരിന്റെ അധികാരം സാമൂഹിക പരിഷ്കാരങ്ങൾക്കാണെന്നും മതപരിഷ്കണത്തിനല്ലെന്നും എൻഎസ്എസ് ക്ഷേത്ര സംരക്ഷ സമിതി, അയ്യപ്പ സേവാ സമാജം അടക്കമുള്ള സംഘടനകൾ സുപ്രീം കോടതിയിൽ വാദിച്ചു.
സ്വന്തം മതവിശ്വാസങ്ങൾ കൈകാര്യം ചെയ്യാൻ വിശ്വാസി സമൂഹത്തിന് അവകാശമുണ്ട്. ഭരണഘടനയിലെ ഇതിനുള്ള 26 ബി വകുപ്പിനെ 25 (2) ബി വകുപ്പുകൊണ്ടു മറികടക്കാനാകില്ലെന്ന് ഈ സംഘടനകൾക്കു വേണ്ടി ഹാജരായ അഡ്വ. സി.എസ്. വൈദ്യനാഥൻ വാദിച്ചു.



