കഴിഞ്ഞ 13 വർഷമായി രോഗാവസ്ഥയിൽ തുടരുന്ന 32 വയസ്സുള്ള ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച അറിയിച്ചു. മാതാപിതാക്കൾ സമർപ്പിച്ച നിഷ്ക്രിയ ദയാവധ ഹർജിയിൽ വിധി പറയാനായി കോടതി മാറ്റിവച്ചു. വാദം കേൾക്കുന്നതിന് മുമ്പ് ഹരീഷിന്റെ മാതാപിതാക്കളെ സന്ദർശിച്ച ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഇതിനെ അതീവ വൈകാരികമായ വിഷയം എന്നാണ് വിശേഷിപ്പിച്ചത്.
ഇത്തരം പ്രശ്നങ്ങൾ വളരെ സങ്കീർണമാണ്. നമ്മളും മനുഷ്യരാണ്. ഒരാൾ ജീവിക്കണോ, മരിക്കണോ എന്ന് തീരുമാനിക്കാൻ നമ്മൾ ആരാണ്?, എന്നാലും ജീവൻ നിലനിർത്തുന്ന വൈദ്യചികിത്സ പിൻവലിക്കുന്നത് ഞങ്ങൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹരീഷിന്റെ മാതാപിതാക്കളെ പ്രതിനിധീകരിച്ച അമിക്കസ് ക്യൂറിയുടെയും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതിയുടെ നിരീക്ഷണം.



