തെരുവുനായകളെ കേന്ദ്രീകരിച്ചുള്ള വാദങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. തെരുവുനായ്ക്കള്‍ മറ്റു ജീവികളെപ്പോലെ തന്നെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിൽ ബുധനാഴ്ച വാദം കേൾക്കുന്നതിനിടെയാണ് കോടതിയിൽ നിന്ന് ചോദ്യമുയർന്നത്. “മറ്റ് മൃഗങ്ങളുടെ ജീവിതത്തിന്റെ കാര്യമോ? കോഴികളുടെയും ആടുകളുടെയും കാര്യമോ? അവയ്ക്ക് ജീവനില്ലേ?” എന്നായിരുന്നു വാദത്തിനിടെയുള്ള കോടതിയുടെ ചോദ്യം. 

വാദത്തിനിടെ, തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച 90 വയസ്സുകാരന്റെ ചിത്രം കോടതിയെ കാണിക്കാൻ ഒരു ഹർജിക്കാരൻ ശ്രമിച്ചെങ്കിലും കോടതി ആ നീക്കം തടഞ്ഞു. തെരുവുനായ്ക്കൾ കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ജപ്പാനിലും അമേരിക്കയിലും ഉപേക്ഷിക്കപ്പെട്ട നായകളെ ഷെൽട്ടറുകളിലേക്ക് കൊണ്ടുപോകുന്ന ‘ഡ്രംബോക്സ്’ (drambox) കിൽ ഷെൽട്ടറുകൾ ഉണ്ടെന്നും, ആരും ദത്തെടുക്കുന്നില്ലെങ്കിൽ അവയെ ദയാവധത്തിന് വിധേയമാക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. ഇക്കാരണത്താലാണ് ജപ്പാനിൽ തെരുവുനായ പ്രശ്നമില്ലാത്തതെന്നും 1950 മുതൽ അവിടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.