വിചാരണ കൂടാതെ പ്രതികളെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമാണെന്ന നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. വധശ്രമം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണായക പരാമർശം.
പ്രതിയെ അറസ്റ്റ് ചെയ്ത് ഏറെകാലം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ ഇനിയും തടവിൽ പാർപ്പിക്കുന്നത് നീതിയല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ ഉടൻ ആരംഭിക്കാനുള്ള സാധ്യതയും കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ ജയിലുകളിലെ അവസ്ഥയും കോടതി പരാമർശിച്ചു. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ ഏകദേശം 76 ശതമാനവും വിചാരണ തടവുകാരാണെന്ന് കോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിൽ വൈകി വരുന്ന വിചാരണകൾ വലിയ പ്രശ്നമാണെന്നും കോടതി നിരീക്ഷിച്ചു.



