തിരഞ്ഞെടുപ്പുകളിൽ ‘നോട്ട’ (NOTA – None of the Above) ഓപ്ഷൻ ഏർപ്പെടുത്തിയത് കൊണ്ട് ജനപ്രതിനിധികളുടെ ഗുണനിലവാരത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് സുപ്രീം കോടതി. ഒരാൾ മാത്രം മത്സരിക്കുന്ന തിരഞ്ഞെടുപ്പുകളിലുൾപ്പെടെ നോട്ട നിർബന്ധമാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നോട്ടയുടെ സ്വാധീനത്തെക്കുറിച്ചും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിലെ വോട്ടിങ് രീതികളെക്കുറിച്ചും കോടതി വിശദമായ നിരീക്ഷണം നടത്തി.

നോട്ട കൊണ്ടുവന്നത് വഴി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ നിലവാരം മെച്ചപ്പെട്ടോ എന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. “വിദ്യാഭ്യാസമുള്ളവരും സമ്പന്നരും വോട്ട് ചെയ്യാൻ മടിക്കുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് കൂടുതൽ വോട്ട് ചെയ്യുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്,” അദ്ദേഹം നിരീക്ഷിച്ചു.