വേനൽക്കാലം കഠിനമാകുമ്പോൾ ചർമ്മത്തിന് ഏൽക്കുന്ന ഏറ്റവും വലിയ ആഘാതം സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളാണ്. ചർമ്മം കരുവാളിക്കുന്നതിനും, അകാല വാർദ്ധക്യത്തിനും, ഗുരുതരമായ ചർമ്മരോഗങ്ങൾക്കും ഇത് കാരണമാകാറുണ്ട്. വെയിലത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കണമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ കടയിൽ പോയി ഒരു സൺസ്ക്രീൻ വാങ്ങുമ്പോൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന SPF 15, 30, 50 തുടങ്ങിയ സംഖ്യകൾ കണ്ട് പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവ കൃത്യമായി മനസ്സിലാക്കി വേണം നമ്മുടെ ചർമ്മത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ.

സൺ പ്രൊട്ടക്ഷൻ ഫാക്ടർ  എന്നതിന്റെ ചുരുക്കരൂപമാണ് എസ്‌പി‌എഫ്. സൂര്യരശ്മികളിലെ യുവിബി രശ്മികളിൽ നിന്ന് സൺസ്ക്രീൻ എത്രത്തോളം സംരക്ഷണം നൽകുന്നു എന്നതിന്റെ അളവാണിത്. ഉദാഹരണത്തിന്, സാധാരണ ഗതിയിൽ 10 മിനിറ്റ് വെയിൽ ഏൽക്കുമ്പോൾ നിങ്ങളുടെ ചർമ്മം ചുവന്നു വരുന്നുണ്ടെങ്കിൽ, SPF 30 ഉള്ള ഒരു സൺസ്ക്രീൻ ഉപയോഗിച്ചാൽ അതിന്റെ 30 ഇരട്ടി സമയം അതായത് 300 മിനിറ്റ് ചർമ്മത്തിന് സംരക്ഷണം ലഭിക്കും എന്നാണ് ഇതിന്റെ സാങ്കേതിക അർത്ഥം. 

എന്നാൽ വിയർപ്പ്, വെള്ളം എന്നിവ കാരണം ഇതിന്റെ ഫലപ്രാപ്തി കുറയാമെന്നതിനാൽ ഇടയ്ക്കിടെ ഇത് വീണ്ടും പുരട്ടേണ്ടി വരും.

എസ്‌പി‌എഫ് സംഖ്യ കൂടുന്തോറും സംരക്ഷണത്തിന്റെ അളവും കൂടുന്നു. SPF 15 സൂര്യരശ്മികളെ 93 ശതമാനം തടയുമ്പോൾ, SPF 30 ഏകദേശം 97 ശതമാനവും SPF 50 ഏതാണ്ട് 98 ശതമാനവും സംരക്ഷണം നൽകുന്നു. 100 ശതമാനം സംരക്ഷണം നൽകുന്ന ഒരു സൺസ്ക്രീനും നിലവിലില്ല എന്ന കാര്യം ഓർക്കുക. വെയിലത്ത് അധിക സമയം ചിലവഴിക്കുന്നവരും സെൻസിറ്റീവ് ചർമ്മമുള്ളവരും കുറഞ്ഞത് SPF 30 എങ്കിലും ഉള്ള ‘ബ്രോഡ് സ്പെക്ട്രം’ സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. യുവിഎ, യുവിബി എന്നീ രണ്ട് തരം രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നവയാണ് ബ്രോഡ് സ്പെക്ട്രം സൺസ്ക്രീനുകൾ.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ പലരും വരുത്തുന്ന തെറ്റാണ് വളരെ കുറഞ്ഞ അളവിൽ മാത്രം പുരട്ടുക എന്നത്. മുഖത്തിനും കഴുത്തിനുമായി ഏകദേശം രണ്ട് വിരൽ നീളത്തിൽ  സൺസ്ക്രീൻ എടുത്ത് പുരട്ടണം. വെയിലത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും ഇത് പുരട്ടിയിരിക്കണം. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും സൺസ്ക്രീൻ വീണ്ടും പുരട്ടുന്നത് കൂടുതൽ ഫലം നൽകും. വീടിനുള്ളിൽ ഇരിക്കുമ്പോഴും മേഘാവൃതമായ കാലാവസ്ഥയിലും സൂര്യരശ്മികൾ ചർമ്മത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സൺസ്ക്രീൻ ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്.