നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ.

ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. ഈ വിഷയത്തില്‍ കെ.സി.വേണുഗോപാല്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ മന്ത്രിക്കത് പൊള്ളലായി മാറിയെന്നും സണ്ണിജോസഫ് പരിഹസിച്ചു. കൂരിയാട് കേരളത്തിലാണെങ്കില്‍ ദേശീയപാതയിലെ തകര്‍ച്ചയില്‍ മന്ത്രി റിയാസ് ഉത്തരം പറയണം. നിര്‍മ്മാണം പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍,അവലോകനം, റീല്‍സിടല്‍ അങ്ങനെ എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മന്ത്രി റിയാസ്. ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മന്ത്രി റിയാസ് ആരുടെ കൂടെയാണ് നില്‍ക്കുന്നത്? പ്രതികളുടെ കൂടെയാണോ? പ്രതികളെ സംരക്ഷിക്കാനാണോ അദ്ദേഹം പരിശ്രമിക്കുന്നത്? ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് ഉത്തരാവദിയായവരുടെ പേരില്‍ നടപടിയെടുക്കണം. ജനപക്ഷത്ത് നിന്ന് ന്യായത്തിനായിട്ടാണ് മന്ത്രി റിയാസ് വാദിക്കേണ്ടതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അത് പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെയും രാജ്യത്തെയും പ്രതിപക്ഷം ശബ്ദം ഉയര്‍ത്തുന്നത്. കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദേശീയപാത അതോറിറ്റി ചെയര്‍മാനെയും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ദേശീയപാതയില്‍ അപകടവും വിള്ളലും വീണ കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദേശീപാതയുമായി ബന്ധപ്പെട്ട ഇന്നലെ വരെയുള്ള മന്ത്രിയുടെയും സര്‍ക്കാരിന്റെയും തള്ളലുകളും അവകാശവാദങ്ങളും മറയ്ക്കാനും മായ്ക്കാനുമാണ് ശ്രമിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത,ഏകോപനം, അഴിമതി എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്.അത് മന്ത്രി സമ്മതിക്കുകയും ചെയ്യുന്നു. ദേശീയപാത തകര്‍ന്നതിന്റെ കാരണം പ്രതിപക്ഷം ചോദിക്കുമ്പോള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുകയും ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കുകയും വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു.നിയമസഭയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. അന്ന് താന്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍അനുമതി തേടിയപ്പോള്‍ നിഷേധിച്ചു. അവതരണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും സര്‍ക്കാര്‍ ഭയന്നു. അതിന്റെ കാരണം വ്യക്തമാണ്. സിപിഎം മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നത് മനപൂര്‍വ്വമാണ്. ദ ഹിന്ദുവിലെ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങുന്ന അഭിമുഖം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സിയും അങ്ങോട്ട് വിളിച്ച് ദിനപത്രത്തിന് നല്‍കിയതാണ്. മുസ്സീം വിശ്വാസികളെ പ്രശ്‌നക്കാരായി ചിത്രീകരിക്കുന്ന സിപിഎം പിബി അംഗം എ.വിജയരാഘവന്റെ വാക്കുകള്‍ അവര്‍ക്ക് വിഴുങ്ങാന്‍ സാധിക്കുമോ? പി.ജയരാജന്റെ പുസ്തകത്തിലെ ഉള്ളടക്കം എന്തായിരുന്നു? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയപരാജയത്തിന് അവര്‍ കുറ്റപ്പെടുത്തിയത് ആരെയാണ്? പ്രത്യേക മതവിഭാഗത്തെ ഉന്നംവെച്ചല്ലെ സിപിഎം പ്രിയങ്കാഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെപോലും വര്‍ഗീയ ചുവ നല്‍കി ആക്ഷേപിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു.