ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ ദൃശ്യം ഭൂമിയെ കുറിച്ചുള്ള തൻറെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നും അവിടെ നിന്ന് നോക്കുമ്പോൾ മനുഷ്യർ തമ്മിലുള്ള കലഹങ്ങളും സംഘർഷങ്ങളും അർത്ഥശൂന്യമായി തോന്നുമെന്നും ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെയാണ് സുനിത വില്യംസ് താൻ തിരിച്ചറിഞ്ഞ ജീവിത യാഥാർത്ഥ്യം പങ്കുവെച്ചത്. 

“നമുക്കറിയാവുന്ന എല്ലാ മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഒരേ ഗ്രഹത്തിലാണ്. സമുദ്രത്തിലെ മത്സ്യങ്ങളും ഇവിടെ തന്നെ. നമ്മൾ കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും എല്ലാം ഒന്നു തന്നെയാണ്. നാമെല്ലാവരും ഒരേ ഗ്രഹത്തിൽ ഒരുമിച്ചാണ് കഴിയുന്നത്”. ബഹിരാകാശ യാത്ര ഭൂമിയിലെ ജീവിതത്തെ കുറിച്ചുള്ള തന്റെ ചിന്തകളെ എങ്ങനെ സ്വാധീനിച്ചു എന്ന് വിവരിച്ച് കൊണ്ട് സുനിത വില്യംസ് പറഞ്ഞു.