ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുഖ്യപ്രഭാഷണം നടത്താനായി വേദിയിലെത്തിയതിന് പിന്നാലെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. നൂറിലധികം വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്കരിച്ച് സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം ശ്രദ്ധേയമായി.
2026-ലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായാണ് സുന്ദർ പിച്ചൈ പങ്കെടുത്തത്. അദ്ദേഹം വേദിയിലെത്തിയതോടെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് “ഫ്രീ, ഫ്രീ പലസ്തീൻ” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പുറത്തേക്ക് പോയതായി റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേൽ സർക്കാരും ആമസോണും ഗൂഗിളും ചേർന്ന് നടപ്പാക്കുന്ന 1.2 ബില്യൺ ഡോളർ മൂല്യമുള്ള ‘പ്രോജക്റ്റ് നിംബസ്’ പദ്ധതിക്കെതിരെയായിരുന്നു പ്രതിഷേധം. ക്ലൗഡ് കമ്പ്യൂട്ടിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടുന്ന ഈ പദ്ധതിയിലൂടെ ഇസ്രായേൽ സർക്കാരിനും സൈനിക സംവിധാനങ്ങൾക്കും സാങ്കേതിക പിന്തുണ ലഭിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഗാസയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന ‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ’ സംഘടന ആഴ്ചകൾക്ക് മുമ്പ് തന്നെ ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, തന്റെ പ്രസംഗത്തിൽ സുന്ദർ പിച്ചൈ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് പരാമർശിച്ചില്ല. സമീപകാലത്ത് സാങ്കേതിക രംഗത്തെ പ്രമുഖർ എഐയെക്കുറിച്ച് സംസാരിക്കുമ്പോൾ വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധം നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹം വിഷയം ഒഴിവാക്കിയതെന്നാണ് വിലയിരുത്തൽ.
പകരം, ശുഭാപ്തിവിശ്വാസത്തിന്റെയും വെല്ലുവിളികളെ നേരിടുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് പിച്ചൈ സംസാരിച്ചത്. “എപ്പോഴും ശുഭാപ്തിവിശ്വാസം തിരഞ്ഞെടുക്കുക. ഇന്നത്തെ ലോകം വലിയ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് തോന്നാമെങ്കിലും ഓരോ തലമുറയും അവരുടേതായ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. നാം ഏത് സാഹചര്യത്തിലേക്കാണ് ബിരുദം നേടി ഇറങ്ങുന്നത് എന്ന് തിരഞ്ഞെടുക്കാൻ കഴിയില്ല. എന്നാൽ ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് തിരഞ്ഞെടുക്കാൻ കഴിയും,” എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
സ്റ്റാൻഫോർഡിൽ നിന്ന് തന്നെ മാസ്റ്റേഴ്സ് ബിരുദം നേടിയ സുന്ദർ പിച്ചൈ തന്റെ വിദ്യാർത്ഥി ജീവിതത്തിലെ അനുഭവങ്ങളും അക്കാദമിക് രംഗത്ത് നിന്ന് കോർപ്പറേറ്റ് ലോകത്തേക്കുള്ള യാത്രയും പ്രസംഗത്തിൽ പങ്കുവെച്ചു.
പ്രസംഗത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ മാധ്യമപ്രവർത്തകർ പ്രതിഷേധത്തെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും സുന്ദർ പിച്ചൈ മറുപടി നൽകാതെ മൗനം പാലിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കാതെയാണ് അദ്ദേഹം സ്ഥലത്ത് നിന്ന് മടങ്ങിയത്.



