നമ്മുടെ നിത്യജീവിതത്തിലെ മധുരപലഹാരങ്ങളിലും പാനീയങ്ങളിലും ഒരു വില്ലൻ ഒളിഞ്ഞിരിപ്പുണ്ടോ? പഞ്ചസാരയ്ക്ക് പകരമായി നാം ആരോഗ്യകരമെന്നു കരുതി ഉപയോഗിക്കുന്ന ‘എറിത്രിറ്റോൾ’ എന്ന മധുരം മസ്തിഷ്കത്തിന് ഗുരുതരമായ ആഘാതമുണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രോട്ടീൻ ബാറുകളിലും എനർജി ഡ്രിങ്കുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഈ ഘടകം പക്ഷാഘാതം (Stroke) ഉൾപ്പെടെയുള്ള അപകടങ്ങളിലേക്ക് നയിച്ചേക്കാം.
മസ്തിഷ്കത്തെ ഹാനികരമായ പദാർത്ഥങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് ‘ബ്ലഡ്-ബ്രെയിൻ ബാരിയർ’. കൊളറാഡോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമനുസരിച്ച്, എറിത്രിറ്റോൾ ഈ സുരക്ഷാ കവചത്തിലെ കോശങ്ങളെ നേരിട്ട് നശിപ്പിക്കാൻ സാധ്യതയുണ്ട്. നാം സാധാരണയായി കുടിക്കുന്ന ഒരു സോഫ്റ്റ് ഡ്രിങ്കിലെ എറിത്രിറ്റോളിന്റെ അളവ് പോലും ഈ കോശങ്ങളിൽ വിനാശകരമായ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണെന്ന് ലാബ് പരീക്ഷണങ്ങൾ തെളിയിക്കുന്നു.
മസ്തിഷ്കത്തിനുള്ളിലെ രക്തക്കുഴലുകളുടെ പ്രവർത്തനം തകരാറിലാകുന്നതോടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എറിത്രിറ്റോൾ ശരീരത്തിലെത്തിയാൽ അത് കോശങ്ങളിൽ ‘ഓക്സിഡേറ്റീവ് സ്ട്രെസ്’ എന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ അമിതമായി ഉത്പാദിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനമായ ആന്റിഓക്‌സിഡന്റുകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഈ ഇരട്ട പ്രഹരം മൂലം മസ്തിഷ്കത്തിലെ രക്തക്കുഴലുകൾക്ക് അവയുടെ ധർമ്മം കൃത്യമായി നിർവ്വഹിക്കാൻ കഴിയാതെ വരുന്നു. ചില സന്ദർഭങ്ങളിൽ ഈ കോശങ്ങൾ പൂർണമായും നശിച്ചുപോകുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യമുള്ള രക്തക്കുഴലുകൾ ശരീരത്തിന്റെ ആവശ്യാനുസരണം വികസിക്കുകയും സങ്കോചിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി നൈട്രിക് ഓക്സൈഡ്, എൻഡോതെലിൻ-1 എന്നീ രണ്ട് തന്മാത്രകളാണ് പ്രധാനമായും സഹായിക്കുന്നത്. എന്നാൽ എറിത്രിറ്റോൾ ഈ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. പഠനങ്ങൾ പ്രകാരം ഇത് നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം കുറയ്ക്കുകയും എൻഡോതെലിൻ-1 വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രക്തക്കുഴലുകൾ അമിതമായി സങ്കോചിക്കുകയും മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്റെയും പോഷകങ്ങളുടെയും പ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
ശരീരത്തിൽ രക്തം കട്ടപിടിക്കുമ്പോൾ അതിനെ അലിയിച്ചു കളയാൻ ‘ടിഷ്യു പ്ലാസ്മിനോജൻ ആക്റ്റിവേറ്റർ’ (t-PA) എന്നൊരു സംവിധാനമുണ്ട്. എറിത്രിറ്റോളിന്റെ അമിത ഉപയോഗം ഈ സ്വാഭാവിക ‘ക്ലോട്ട് ബസ്റ്റർ’ സംവിധാനത്തെ നിർവീര്യമാക്കുന്നു. അതായത്, മസ്തിഷ്കത്തിലെ രക്തക്കുഴലുകളിൽ ഒരു രക്തം കട്ടപിടിക്കൽ ഉണ്ടായാൽ അതിനെ സ്വയം പ്രതിരോധിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നു. ഇത് ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും തീവ്രത വർദ്ധിപ്പിക്കുന്നു.
ഇന്ന് വിപണിയിൽ ലഭ്യമായ മിക്ക ‘ഷുഗർ ഫ്രീ’, ‘കീറ്റോ ഫ്രണ്ട്‌ലി’ ഉൽപ്പന്നങ്ങളിലും എറിത്രിറ്റോൾ പ്രധാന ചേരുവയാണ്. സാധാരണ പഞ്ചസാരയെക്കാൾ മധുരം കുറവായതിനാലും കലോറി ഇല്ലാത്തതിനാലും നിർമ്മാതാക്കൾ ഇത് വൻതോതിൽ ഉപയോഗിക്കുന്നു. എന്നാൽ വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത്തരം പദാർത്ഥങ്ങളെ ആശ്രയിക്കുമ്പോൾ അത് ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയത്തെയും മസ്തിഷ്കത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായി ചിന്തിക്കേണ്ട വിഷയമാണ്.



