ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ ഈദ് ആഘോഷങ്ങൾക്കിടെ ഈസ്റ്റ് ഡാർഫറിലെ അൽ-ദയിൻ ടീച്ചിംഗ് ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടുന്നു. 89 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് സംഭവത്തിൽ കടുത്ത ആകുലത രേഖപ്പെടുത്തി. “ഇനി മതിയാക്കൂ, സുഡാനിൽ ഇത്രയും കാലം ഒഴുക്കിയ രക്തം മതി. സാധാരണക്കാരെയും ആരോഗ്യപ്രവർത്തകരെയും സംരക്ഷിക്കാൻ ഇരുവിഭാഗവും തയ്യാറാകണം,” ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് സംഭവത്തിൽ കടുത്ത ആകുലത രേഖപ്പെടുത്തിക്കൊണ്ട് എക്സിൽ കുറിച്ചു.

ആക്രമണത്തിൽ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം, മെറ്റേണിറ്റി, എമർജൻസി വാർഡുകൾ പൂർണ്ണമായും തകർന്നു. നിലവിൽ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. സുഡാൻ സൈന്യമാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് പാരാമിലിറ്ററി ഗ്രൂപ്പായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ആരോപിച്ചു. എന്നാൽ സൈന്യം ഈ ആരോപണം നിഷേധിച്ചു.