കൂട്ടക്കൊലയുടെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി പാരാമിലിട്ടറി ഗ്രൂപ്പായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF), സുഡാനിലെ മൃതദേഹങ്ങൾ കത്തിക്കുകയും കൂട്ടമായി കുഴിച്ചിടുകയും ചെയ്യുന്നതായി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് ആരോപിച്ചു. ഒക്ടോബർ 26 ന് പടിഞ്ഞാറൻ ഡാർഫറിലെ പ്രധാന നഗരമായ എൽ-ഫാഷർ പിടിച്ചടക്കിയ ശേഷം തെരുവുകളിൽ നിന്ന് നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഡോക്ടർമാർ പറയുന്നു. ഇത് വംശഹത്യയുടെ മറ്റൊരു അധ്യായമാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന നടപടിയാണെന്നും അവർ വ്യക്തമാക്കി.
വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ടുപോകുന്ന പലരും ഭക്ഷണവും വെള്ളവും ഇല്ലാത്തതിനാൽ വഴിയിൽ മരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ‘വംശീയതയുടെ അടിസ്ഥാനത്തിൽ ആളുകളെ ലക്ഷ്യമിടുന്നതായും’ രക്ഷപെട്ടവർ പറയുന്നു. കറുത്ത ചർമ്മമുള്ളവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയോ, പിടികൂടുകയോ ചെയ്യുന്നതായി പലരും സാക്ഷ്യപ്പെടുത്തി. ഇതോടെ, എൽ-ഫാഷറിലെ മൊത്തം ജനസംഖ്യയായ 2,60,000 ത്തിൽ 82,000 പേർ പലായനം ചെയ്തു എന്നും റിപ്പോർട്ടുണ്ട്.
2003 നും 2008 നുമിടയിൽ ഡാർഫറിൽ നടന്ന വംശീയ അതിക്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ‘ജഞ്ചവീദ്’ എന്ന അറബ് മിലിഷ്യയിൽ നിന്നാണ് ആർഎസ്എഫ് രൂപപ്പെട്ടത്. 2023 ഏപ്രിൽ മുതൽ സുഡാൻ സൈന്യവുമായി ആർഎസ്എഫ് നടത്തുന്ന പോരാട്ടത്തിൽ 15,000 ത്തോളം പേർ കൊല്ലപ്പെട്ടു. അതേസമയം, അതിക്രമങ്ങളുടെ തെളിവുകൾ ആർഎസ്എഫ് പോരാളികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതായും റിപ്പോർട്ടുണ്ട്.



