സ്വകാര്യ സ്കൂളുകളിൽ അമിതവിലയുള്ള പാഠപുസ്തകങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കർശന നടപടി തുടങ്ങി. സ്കൂൾ പുസ്തകങ്ങളുടെ വിലയും വിപണനവും സംബന്ധിച്ച് രാജ്യവ്യാപകമായി ഓഡിറ്റ് നടത്താൻ കമ്മീഷൻ ഉത്തരവിട്ടു. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സിബിഎസ്ഇക്കും കമ്മീഷൻ നോട്ടീസ് അയച്ചു.
സ്വകാര്യ പ്രസാധകരുടെ വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എൻസിഇആർടി പുസ്തകങ്ങൾ വിപണിയിൽ ലഭ്യമായിരിക്കെ, സ്കൂളുകൾ കമ്മീഷൻ ലക്ഷ്യമിട്ട് സ്വകാര്യ പുസ്തകങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വഴി രക്ഷിതാക്കൾ വലിയ സാമ്പത്തിക ചൂഷണത്തിനാണ് ഇരയാകുന്നത്. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തിനും സിബിഎസ്ഇക്കും നൽകിയിട്ടുള്ള നിർദ്ദേശം.
രാജ്യത്തെ വിവിധ സ്കൂളുകളിൽ പുസ്തകങ്ങൾക്കും യൂണിഫോമിനും ഈടാക്കുന്ന അമിതമായ തുകയെക്കുറിച്ച് വിശദമായ ഓഡിറ്റ് നടത്താനാണ് എൻഎച്ച്ആർസി നിർദ്ദേശിച്ചിരിക്കുന്നത്. സ്കൂളുകളും പ്രസാധകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പലയിടത്തും രക്ഷിതാക്കളുടെ നടുവൊടിക്കുന്ന രീതിയിലാണെന്ന പരാതികൾ വ്യാപകമാണ്.
സിബിഎസ്ഇ സ്കൂളുകളിൽ എൻസിഇആർടി പുസ്തകങ്ങൾ നിർബന്ധമാക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് വിദ്യാലയങ്ങൾ ഈ നിയമലംഘനം നടത്തുന്നത്. വിദ്യാലയങ്ങൾ കച്ചവട കേന്ദ്രങ്ങളായി മാറുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചനയാണ് കമ്മീഷൻ നൽകുന്നത്.



