ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിൽ യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയും ബിരുദ വിദ്യാർഥിനിയുമായ ബോണു കൊമാലി (21) യാണ് ജീവനൊടുക്കിയത്.
ഹൈദരാബാദിലെ സ്വകാര്യ കോളജിൽ ബിഎസ്സിക്ക് പഠിക്കുന്നതിനായി ഏകദേശം 11 മാസമായി തെലുങ്കാനയിലെ ഒരു ഫ്ലാറ്റിൽ ബോണു താമസിച്ചു വരികയായിരുന്നു. ബോണു മരിക്കുന്നതിന് മുന്പ് കുവൈറ്റിൽ ജോലി ചെയ്യുന്ന മാതാവ് ബി. സത്യ വരലക്ഷ്മിക്ക് സന്ദേശം അയച്ചിരുന്നു. അമ്മയെ ഒരുപാട് ഇഷ്ടമാണെന്നും സഹോദരനെ സംരക്ഷിക്കണമെന്നുമായിരുന്നു സന്ദേശമെന്ന് പോലീസ് പറഞ്ഞു.
ഇതിന് പിന്നാലെ ബോണുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് സത്യ ബോണുവിന്റെ സുഹൃത്തിനോട് ഫ്ലാറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റിന്റെ വാതിൽ അകത്ത് നിന്നും പൂട്ടിയതിനാൽ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി കതക് തകർക്കുകയും ചെയ്തു. ബോണു സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. സമീപത്ത് നിന്ന് ഒരു ഏണിയും സാരിയും കണ്ടെത്തി.
മൂന്ന് വർഷമായി മറ്റൊരു യൂട്യൂബറുമായി ബോണു പ്രണയത്തിലായിരുന്നു എന്നും കുറച്ച് നാളുകൾക്ക് മുന്പ് ഇരുവരും വേർപെട്ടുവെന്നും പ്രാഥമിക അന്വേഷണത്തിൽ നിന്ന് പോലീസ് കണ്ടെത്തി.
ആറുമാസം മുമ്പും ബോണു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



