ബംഗളൂരു: കര്‍ണാടകയിലെ ബല്ലാരിയിൽ റസിഡന്റ് സ്കൂൾ ഹോസ്റ്റലില്‍ സഹപാഠികള്ക്കുനേരേ വിദ്യാര്‍ഥിയുടെ ആക്രമണം. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് ഒരു വിദ്യാര്‍ഥി മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും ആന്ധ്രാപ്രദേശിലെ വിജയ്നഗർ സ്വദേശിയുമായ 12കാരനാണു മരിച്ചത്.
ആക്രമണത്തില്‍ ഏഴു കുട്ടികൾക്കും അക്രമിയെ പിന്തിരിപ്പിക്കാനെത്തിയ ഹോസ്റ്റൽ വാർഡനും ഡ്രൈവർക്കും പരിക്കേറ്റു. ബെല്ലാരിയിലെ താലുർ റോഡിലുള്ള ഗുരുകുൽ ഇന്റർനാഷണൽ സ്കൂളിന്റെ ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി 10.15 ഓടെയായിരുന്നു സംഭവം.
ഭക്ഷണം കഴിച്ചശേഷം വിദ്യാർഥികള്‍ ഉറങ്ങിക്കിടക്കവെ ബെഡിന്റെ ഇരുന്പ് ദണ്ഡുമായി സഹപാഠി ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ബെല്ലാരി എസ്പി സുമൻ ഡി. പെന്നെക്കർ പറഞ്ഞു.സംഭവത്തിൽ പ്രതിയായ വിദ്യാർഥിക്കും സ്കൂൾ മാനേജ്മെന്റിനുമേതിരേ പോലീസ് കേസെടുത്തു. സ്കൂളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.



