ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.
എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റീസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവുനായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.



