പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും പുരുലിയയിലും രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ശോഭായാത്രകൾക്കിടെ വ്യാപകമായ സംഘർഷവും കല്ലേറും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുർഷിദാബാദ് ജില്ലയിലെ രഘുനാഥ്ഗഞ്ചിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും വാഹനങ്ങൾ തകർക്കലും നടന്നതോടെ പ്രദേശം യുദ്ധക്കളമായി മാറി. ശോഭായാത്രയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതായി ആരോപണമുയർന്നപ്പോൾ, യാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മറുവിഭാഗം ആരോപിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വൻ പോലീസ് സന്നാഹവും കേന്ദ്ര സേനയും സ്ഥലത്തെത്തി. നിലവിൽ പോലീസ് പ്രദേശത്ത് റൂട്ട് മാർച്ച് നടത്തുകയും ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.



