രാഷ്ട്രപതി ഭവന് മുറ്റത്ത് ദശാബ്ദങ്ങളായി നിലനിന്നിരുന്ന ബ്രിട്ടീഷ് ശില്പി എഡ്വിന് ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കം ചെയ്തു. പകരം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ (രാജാജി) പ്രതിമ സ്ഥാപിച്ചു. ‘മന് കി ബാത്ത്’ പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാറ്റം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ പ്രമുഖ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്ത ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കിയത് കോളനിവല്‍ക്കരണ മനസ്ഥിതിയുടെ ശേഷിപ്പുകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
സി. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷവും രാഷ്ട്രപതി ഭവനില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ അടയാളങ്ങള്‍ തുടരുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വിമര്‍ശിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ കൊളോണിയല്‍ സ്വാധീനങ്ങള്‍ വേണ്ടെന്ന കര്‍ശന നിലപാടിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. രാജാജിയുടെ സ്വതന്ത്ര ചിന്തയും ആത്മസംയമനവും സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ച് സി. രാജഗോപാലാചാരിയെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനവും രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ മുതല്‍ മാര്‍ച്ച് ഒന്ന് വരെ പൊതുജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം കാണാന്‍ സാധിക്കും. ചരിത്രപരമായ അടയാളങ്ങളെ മാറ്റിസ്ഥാപിക്കുന്നതിലൂടെ ഇന്ത്യയുടെ തനതായ സ്വത്വത്തിന് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.



